15 April 2018

കാവി സന്ധ്യയെ വിളറി പിടിപ്പിക്കുന്ന കാറ്റ്‌

സ്വഛമായി നിലാവു പരത്തിയിരുന്ന
പൂര്‍‌ണ്ണ ചന്ദ്രനില്‍ കരി നിറം നിഴലിട്ടു.
കൃഷ്‌ണ പക്ഷത്തിനു ശേഷം
കാര്‍മേഘ പാളികളാലാവൃതമായി
തിങ്കള്‍ അവ്യക്തമായി കാണപ്പെട്ടു.
നറും നിലാവിന്റെ ശീതള ഛായയില്‍
സ്‌തുതി ഗീതമാലപിച്ചിരുന്നവരുടെ
ചങ്കു പൊട്ടി
അവരുടെ ദീന രോധനം
മേഘ ഗര്‍‌ജ്ജനം കവര്‍‌ന്നു.
അവരുടെ കണ്ണീര്‍ ചാലില്‍
ഗോപകുമാരന്മാര്‍
ഗോക്കളെ കുളിപ്പിച്ചു.
അവരുടെ അസ്ഥികള്‍കൊണ്ട്‌
ചക്രവും ഗദയും താമരയുമുണ്ടാക്കി.
അവരുടെ കരളുകള്‍ പറിച്ചെടുത്ത്
സുദര്‍‌ശന ചക്രമുണ്ടാക്കി
അവരുടെ രക്തം
തേരാളികളെ കുടിപ്പിച്ച്‌
മദോന്മത്തരാക്കി
അവരുടെ ചില്ലുടഞ്ഞ കിനാക്കള്‍ കൊണ്ട്‌
ശം‌ഖു മാലയും
രുദ്രാക്ഷ മാലയും
ഉണ്ടാക്കി
ഹിമാലയം ഉരുകി ഒലിച്ചു.
ഗം‌ഗയും യമുനയും
കര കവിഞ്ഞിഒഴുകി
ഇനി വീശാനിരിക്കുന്നു
മരുക്കാറ്റ്‌
കാവി സന്ധ്യയെ
വിളറി പിടിപ്പിക്കുന്ന കാറ്റ്‌
വരാനിരിക്കുന്നു.
പുതിയ പ്രഭാതവും പ്രദോഷവും
പൂര്‍‌ണ്ണ നിലാവുള്ള രാത്രിയും.

1992 ല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണ മണി മുഴങ്ങി തുടങ്ങിയപ്പോള്‍  കുറിച്ചത്‌.രണ്ടര പതിറ്റാണ്ട്‌ മുമ്പ്‌ പ്രതീക്ഷ കൈവിടാതെ കുറിച്ചു വെച്ച വരികള്‍ ഒരിക്കല്‍ കൂടെ.

14 April 2018

ഞാന്‍ ..

ആസിഫാ....
ഞാന്‍ ..
കരയുന്നില്ല
കരഞ്ഞാല്‍
പ്രളയമുണ്ടാകുമത്രെ
നെടുവീര്‍പ്പയക്കുന്നില്ല
നെടുവീര്‍പ്പ്‌
കൊടുങ്കാറ്റാകുമത്രെ
മൗനിയാകാനും വയ്യ
മൗനം
വാചാലമത്രെ

02 March 2018

തെന്നിലാപുരം

ഒരു സൂന മുണര്‍‌ന്നു
വിടര്‍‌ന്നു
മധുവും മലര്‍ മണവും
പകര്‍‌ന്നൊടുവില്‍
മലര്‍ വാടിയില്‍
വീണുടഞ്ഞൊരു
വര്‍‌ണ്ണ ശലഭത്തിന്‍
ചിറകു പോലെ..

ഇടയന്റെ വടിയായ്‌
പതിതന്റെ തണലായ്‌
വ്രണിതന്റെ മോഹമായ്
ബധിരന്റെ കാതായ്‌
കുരുടന്റെ കണ്ണായ്‌
മൂകരുടെ ശബ്‌ദ തരം‌ഗമായി..

നിരാലം‌ബരുടെ ആശയായ്‌
നിറ മിഴികളില്‍ വര്‍‌ണ്ണമായ്‌
നെടുവിര്‍പ്പുകളിലെന്നുമൊരു
സാന്ത്വന സ്‌പര്‍‌ശമായ്‌
സഹജരുടെ തപ്പും തുടിയുമായി
വിപ്‌ളവ ഗാഥയുടെ സ്വര
വീചിയായ്
ഗാനമായ്‌
രാഗമായ്‌
താളമായ്‌
സം‌ഗീതം പെയ്യുന്ന
തെന്നലലകള്‍
മൂളാതെ ....
നിശബ്‌ദമായി..

വഴിമുട്ടി ഗതി മുട്ടി
ഭയ ചകിതരായലയും
പുറം പോക്ക്‌ മക്കളുടെ
തിറയും തിരിയും അണഞ്ഞു പോയി...

കതിരണിയും നാടിന്റെ
നാട്ടുപാതകളിലായ്‌
പൂത്തുലഞ്ഞാടി
നിന്നൊരു
പൂവാടി
ഇന്നിതാ
നമ്ര ശിരസ്‌കരായി...

പൂമാരി പെയ്‌തൊഴിഞ്ഞ
താഴ്‌വരകളില്‍
പൂന്തെന്നല്‍ പോയൊളിച്ച
തീരങ്ങളില്‍
പൂന്തേന്‍ നിലാവ്‌ വിരിച്ചൊരു
താഴ്‌വര കാര്‍‌മേഘം കൊണ്ട്‌
പുതച്ചു പോയി..

28 February 2018

താഴ്‌വരയുടെ ചൊടികളില്‍

മണല്‍ കാട്ടിലെ ഗിരി
സാനുക്കളില്‍ ഹിംസ്ര
സംഘത്തിന്‍ ഗര്‍ജ്ജനം
പ്രതിധ്വനിച്ചു.
താഴ്‌വര വിറപൂണ്ട്‌
പിടയുന്ന ഗദ്‌ഗദം
വാദിബറാദയില്‍ തിരയടിച്ചു..
ചിറകടിച്ചുയരുന്ന
പറവകളുടെ മന്ത്രണം
ചിത്തം തകര്‍ന്ന
കിളികളുടെ രോദനം
പൊന്‍ കിളിക്കൂടുകള്‍
പൊട്ടിത്തകര്‍ന്നതില്‍ വേപഥു
കൊള്ളുന്ന പൈങ്കിളികള്‍..

കാത്തു സൂക്ഷിച്ച കിളി
മുട്ടകള്‍ വിഷ സര്‍പ്പം
മോന്തിക്കുടിച്ചതില്‍
വേവും മനസ്സുമായ്‌
കുറുങ്ങിക്കഴിയുന്ന
വെള്ളരിപ്രാവുകള്‍ ...

മിഴി നീരു തൂങ്ങി നില്‍പുണ്ട്‌
താഴ്‌വരയുടെ
ചൊടികളില്‍
മഞ്ഞു കണം കണക്കേ
മെല്ലെ ഞാനാ കണ്ണീ -
രൊപ്പാന്‍ തുനിഞ്ഞപ്പോള്‍
ഉള്ളും വിരല്‍ തുമ്പും
ചുട്ടുപോയി ...

01 January 2018

ആരാമത്തിന്റെ രഹസ്യം ....

മറക്കുകയാണ്‌....
മലര്‍ വിടര്‍ത്തിയതും
മധു ചുരത്തിയതും
മണം പരത്തിയതും
പ്രസാദിപ്പിച്ചതും....

മറക്കുകയാണ്‌....
കുസൃതി കിടാങ്ങള്‍
ചില്ലയില്‍ തല്ലിനോവിപ്പിച്ചതും....

2

ഓര്‍ക്കുകയാണ്‌....
തണലും
തണ്ണീര്‍തടവും
തലോടലും…..
ഓര്‍ക്കുകയാണ്‌....
മുള്‍ മുനകളേറ്റ്‌ മുറിവേറ്റവരേയും….
...............................

മറ്റുള്ളവര്‍ക്ക്‌ നല്‍കിയത്‌ മറക്കണം .
മറ്റുള്ളവര്‍ വേദനിപ്പിച്ചതും മറക്കണം

മറ്റുള്ളവരില്‍ നിന്നും ലഭിച്ചത്‌ ഓര്‍ക്കണം
മറ്റുള്ളവരെ വേദനിപ്പിച്ചതും ഓര്‍ക്കണം.

എന്ന പ്രവാചക പാഠത്തെ അധികരിച്ചെഴുതിയ കവിത.
പ്രബോധനം പ്രസിദ്ധീകരിച്ചത്‌.

28 December 2017

ദൂരം ....

ദൂരം .....

ചരല്‍കല്ലില്‍ നിന്നും 
വെള്ളാറങ്കല്ലിലേയ്‌ക്കുള്ള
ദൂരമാണ്‌
അനുഭവം .

വെള്ളാറങ്കല്ലില്‍ നിന്നും 
മാണിക്യക്കല്ലിലേയ്‌ക്കുള്ള
ദൂരമാണ്‌
ധ്യാനം .

മാണിക്യക്കല്ലില്‍ നിന്നും 
കറുത്തകല്ലിലേയ്‌ക്കുള്ള
ദൂരമാണ്‌
സൌഭാഗ്യം .

ഒരു തുള്ളിയില്‍ നിന്നും
കരുണാവാരിധിയിലേയ്‌ക്കുള്ള
ദൂരമാണ്‌
ജീവിതം ......

ഇന്റര്‍ നേഷണല്‍ മലയാളി പോര്‍ട്ടല്‍ 

22 December 2017

മിന്നാമിനുങ്ങ്‌

കണ്‍കളിലെ പ്രകാശ കിരണങ്ങള്‍
മിന്നാമിനുങ്ങുകളായി
പറന്നകലുമ്പോള്‍
ആത്മാവ്‌ പിടയുന്നത്‌
ഞാനറിഞ്ഞു.

കനിഞ്ഞു നല്‍കപ്പെട്ട
എണ്ണിത്തിട്ടപ്പെടുത്താനാകാത്ത
അനുഗ്രഹങ്ങളില്‍ നിന്ന്‌
ചിലത്
തിരിച്ചെടുക്കപ്പെടുമ്പോള്‍
പരിഭവിക്കാന്‍ പോലും
അവകാശമില്ലെന്ന തിരിച്ചറിവില്‍ ..
മിഴിയടച്ചു്‌ പ്രാര്‍ഥിച്ചു...

ഉള്‍കണ്ണുകളില്‍
താരകങ്ങള്‍ മിന്നുന്നത്‌
കണ്ടു.
നറു നിലാവും നീലാകാശവും
കണ്ടു.

അഗ്നികുണ്ഡത്തെ തണുപ്പിച്ച
രക്ഷാ കവചവും ,
ചെങ്കടല്‍ പിളര്‍ത്തിയ
ദണ്ഡും ,
മണല്‍ കാടിന്റെ മാര്‍ പിളര്‍ത്തി
സംസമൊഴുക്കിയ
ആയുധവും ,
അടഞ്ഞുപോയ ഗുഹാ മുഖം
മലര്‍ക്കെത്തുറന്ന
താക്കോല്‍ കൂട്ടവും
കണ്ടു.

മരുഭൂമിയിലെ ഖാഫിലകളുടെ
സങ്കീര്‍ത്തന - സംഗീത സുധയില്‍
മയങ്ങി വീണ
മേഘാവൃതമായ മാനത്ത്‌
മഴവില്ല്‌ പൂക്കുന്നതും
പ്രതീക്ഷയുടെ തീരങ്ങളില്‍
മയൂരങ്ങള്‍ നര്‍ത്തനം ചെയ്യുന്നതും
കണ്ടു.

പറന്നു പോയ
മിന്നാമിനുങ്ങുകള്‍
തിരികെ വന്നു
കൂടണഞ്ഞപ്പോള്‍
അനുഗ്രഹത്തിന്റെ
തേന്മാരി
പെയ്‌തിറങ്ങുകയായിരുന്നു.

***********
തിരിച്ച്‌ കിട്ടിയ പ്രകാശത്തെക്കുറിച്ചാണ്‌ ഈ വരികളിലൂടെ പ്രകാശിപ്പിക്കാന്‍ ശ്രമിക്കുന്നത്‌.
2012.പ്രബോധനം പ്രസിദ്ധീകരിച്ചത്‌