01 February 2000

സന്ധ്യ

സന്ധ്യ
നീല സാഗരത്തിന്‍ നീലിമയില്‍ മിഴികള്‍ നട്ട്
നീറുന്ന ചിന്തയുമായിരിയ്‌ക്കും നേരം മാന
ത്തങ്ങകലെ സുന്ദരിയാം സന്ധ്യ
ചമഞ്ഞൊരുങ്ങിടുമ്പോള്‍
തെളിയുന്നു സഖിയുടെ
രൂപമെന്നകതാരില്‍
ഒളിക്കണ്ണിട്ടവളോതിയ
ചിലമ്പൊലികളെന്‍ കാതില്‍

സ്വര്‍ഗം തേടിയങ്ങ്‌ പോകുകയോ
മലര്‍വാടി വിട്ടു മണലാരണ്യത്തിലേയ്‌ക്ക്‌

ഇന്നീ മണല്‍ കാട്ടില്‍
ഈത്തപ്പനച്ചോട്ടില്‍
എണ്ണക്കിണറിന്‍ തീര
ത്തേറെ ഞാന്‍ നടന്നിട്ടും
തുറന്നില്ലെനിക്കാരു
മൊരു സ്വര്‍ഗവാതിലും

ഏകനായേറെ
നടന്നപ്പോളുള്ളി
ലേറി വന്നൊരു ചിന്ത
ഏറുകൊണ്ടൊരു പക്ഷി
യല്ലയോ ഞാനിന്നു

തിരിനാളവുമായണയുന്നു
ചന്ദ്രന്‍ മേഘപാളിയില്‍ തിരയുന്നു
സന്ധ്യയെ ....
ഇരുളിന്‍ കരങ്ങളിലമര്‍ന്നതവളല്ലെ
ഇതാകാം താരങ്ങള്‍
കണ്ണിറുക്കി പരിഹസിപ്പൂ

ചന്ദ്രന്റെ മുഖം കറുക്കുന്നതു
ഞാന്‍ കണ്ടു
ഒപ്പമെന്നുള്ളിലും
കരിനിഴലൊളി വീണു ..
.......
1982 ല്‍ ഗള്‍ഫ്‌ മലയാളി മാസികയില്‍ പ്രസിദ്ധീകരിച്ചത്‌ .