17 April 2016

താഴ്‌വരയുടെ മിഴിനീര്‍..

ഹിമഗിരിച്ചരുവില്‍
നിന്നൊരു ഹിംസ്ര സംഘത്തിന്‍
ഗര്‍ജ്ജനം പ്രതിധ്വനിയായുണര്‍ന്നു.
താഴ്‌വര വിറപൂണ്ട്‌
പിടയുന്ന ഗദ്‌ഗദം
ഹിമസാനുക്കളില്‍ ഞരിഞ്ഞമര്‍‌ന്നു..
ചിറകടിച്ചുയരുന്ന
പറവകളുടെ മന്ത്രണം
ചിത്തം തകര്‍ന്ന
കിളികളുടെ രോദനം
പൊന്‍ കിളിക്കൂടുകള്‍
പൊട്ടിത്തകര്‍ന്നതില്‍ വേപഥു
കൊള്ളുന്ന പൈങ്കിളികള്‍..

കാത്തു സൂക്ഷിച്ച കിളി
മുട്ടകള്‍ വിഷ സര്‍പ്പം
മോന്തിക്കുടിച്ചതില്‍ വേവും മനസ്സുമായ്‌
കുറുങ്ങിക്കഴിയുന്ന
വെള്ളരിപ്രാവുകള്‍ ...

മിഴി നീരു തൂങ്ങി നില്‍പുണ്ടത്താഴ്‌വരയുടെ
ചൊടികളില്‍
മഞ്ഞു കണം കണക്കേ
മെല്ലെ ഞാനാ കണ്ണീ -
രൊപ്പാന്‍ തുനിഞ്ഞപ്പോളെന്നുള്ളും
വിരല്‍ തുമ്പും
ചുട്ടുപോയി ...

0 comments:

Post a Comment

Note: Only a member of this blog may post a comment.