16 November 2017

ഇനിയുമെത്രെ ദൂരം .........

ദുര്‍ നടപടിക്കാരിയുടെ ക്ഷേമാശ്വൈര്യങ്ങളില്‍
പ്രവാചക പ്രഭുവിനെന്തു കാര്യമെന്നത്രെ
സഹചരുടെ ആത്മഗതം ?

അന്ത്യാഭിലാഷത്തിന്റെ മറവില്‍
ഹുര്‍മുസാന്റെ തന്ത്രത്തില്‍
ധര്‍മ്മിഷ്‌ടനായ
ഖലീഫ കബളിക്കപ്പെട്ടെന്നത്രെ
അനുചരന്മാര്‍ സന്ദേഹിച്ചത്‌ ?

വിശ്വാസിയുടെ വാള്‍മുനയില്‍
നിന്നു രക്ഷ നേടാന്‍ കാര്‍ക്കിച്ചൊരു തുപ്പു മതി പോലും !

എനിക്കെന്റെ നാഥനുണ്ടെന്ന
പ്രത്യുത്തരം കൊണ്ട്‌
ശത്രുവിനെ നിരായുധനാക്കാന്‍
ഇനിയുമെത്രെ ദൂരം .........

********************
നിത്യവും പ്രവാചകനെ ശല്യം ചെയ്‌തിരുന്ന ജൂത സ്‌ത്രീ രോഗ ശയ്യയിലാണെന്നറിഞ്ഞപ്പോള്‍ :-പ്രവാചകന്‍ അവരെ സന്ദര്‍ശിച്ചു.പ്രവാകന്റെ അനന്യ സാധാരണമായ കാരുണ്യത്തിന്റെ നിറവില്‍ ഈ സ്‌ത്രീ മാര്‍ഗ ദര്‍ശനം ചെയ്യപ്പെട്ടു.

ശത്രു സൈന്യത്തിന്റെ പടനായകനായിരുന്ന ഹുര്‍മുസാന്‍ പിടിക്കപ്പെട്ടതിനു ശേഷം ശിക്ഷ നടപ്പാക്കപ്പെടുന്നതിന്റെ മുമ്പ്‌ അന്ത്യാഭിലാഷമായി ദാഹജലം ആവശ്യപ്പെടുകയും കൊണ്ടു വരപ്പെട്ട വെള്ളം തറയിലൊഴിച്ചുകളയുകയും ചെയ്‌തു.ദാഹം തീര്‍‌ത്തതിനു ശേഷം ശിക്ഷ നടപ്പാക്കുകയുള്ളൂ എന്ന കുറ്റവാളിയോടുള്ള വാഗ്ദത്തം പാലിക്കാനുള്ള ഖലീഫയുടെ ധര്‍മ്മനിഷ്‌ടയുടെ പ്രഭാവത്തില്‍ ഹുര്‍മുസാന്‍ യഥാര്‍ഥ മാര്‍ഗത്തിലേയ്‌ക്ക്‌ ആകര്‍ഷിക്കപ്പെട്ടു.

മഹാനായ അലിയുടെ മുഖത്തേയ്‌ക്ക്‌ എതിരാളി കാര്‍ക്കിച്ചു തുപ്പിയപ്പോള്‍ മഹാനായ അലി (റ) തന്റെ ആയുധം വലിച്ചെറിഞ്ഞു.തികച്ചും വ്യക്തി വിദ്വേഷത്താലായിരിക്കരുത്‌  തന്റെ എതിരാളി  കീഴ്‌പെടുത്തപ്പെടേണ്ടതെന്നായിരുന്നു തന്റെ അനുചരന്മാരോട്‌ മഹാനവര്‍കള്‍ നല്‍കിയ വിശദീകരണം.

വൃക്ഷ തണലില്‍ പ്രവാച പ്രഭു വിശ്രമിക്കേ ഒരാള്‍ പ്രവാചകന്റെ ആയുധം എടുത്തുകൊണ്ട്‌ ചോദിച്ചു 'താങ്കളെ ആര്‍ രക്ഷിക്കും ? നിമിഷാര്‍ധം കൊണ്ട്‌ മറുപടി അല്ലാഹു.പ്രത്യത്തരം കേട്ടുടന്‍ ഉടവാള്‍ നിലത്തു വീഴുന്നു.

അസീസ്‌ മഞ്ഞിയില്‍

0 comments:

Post a Comment

Note: Only a member of this blog may post a comment.